പൂയപ്പള്ളി: ശക്തമായ കാറ്റിലും മഴയിലും പ്ലാവിന്റെ കൊമ്പ് ഒടിഞ്ഞ് വീടിനു മുകളില്‍ പതിച്ചു. വീട് പൂര്‍ണമായും തകര്‍ന്നു. ഗൃഹനാഥനും ഭാര്യക്കും മക്കള്‍ക്കും പരിക്കേറ്റു. പൂയപ്പള്ളി മരുതമന്‍ പള്ളി മിഷന്‍വിള വടക്കുംകര മുകളുവിള വീട്ടില്‍ മുന്‍ പഞ്ചായത്തംഗം അനില്‍ കുമാറിന്റെ വീടാണ് തകര്‍ന്നത്. അനില്‍കുമാര്‍, ഭാര്യ സജിത മക്കളായ ആദില്‍ (9), അനൈക (6) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ ആയിരുന്നു അപകടം. ശക്തമായ മഴയേയും കാറ്റിനെയും തുടര്‍ന്ന് വീടിന് സമീപത്ത് നിന്ന പ്ലാവിന്റെ കൂറ്റന്‍ കൊമ്പ് ഒടിഞ്ഞ് വീടിന് മുകളില്‍ പതിക്കുകയായിരുന്നു. ഓട് പാകിയ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. മേല്‍ക്കൂര വീണ് വൈദ്യുതോപകരണങ്ങളും ഗൃഹോപകരണങ്ങളും തകര്‍ന്നു. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വീടിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കുകയും പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
സാരമായി പരിക്കേറ്റ കുട്ടികളെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്യുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ പൂയപ്പള്ളി പോലീസിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ച് മാറ്റി. പൂയപ്പള്ളി വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ റവന്യൂ സംഘം സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തി.